ഹിന്ദു ഐക്യവേദി ചെയര്‍പേഴ്‌സണ്‍ ശശികല ടീച്ചര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ‘വാതരോഗം പിടിച്ചു തളര്‍ന്നുകിടക്കുന്ന ഹിന്ദു പോലും ശശികല ടീച്ചറുടെ പ്രസംഗം കേട്ടാല്‍ ചാടിയെഴുന്നേറ്റ് രാജ്യത്തെ മുസ്‌ലീങ്ങളെയും കൃസ്ത്യാനികളെയും ഉന്മൂലനം ചെയ്യാനിറങ്ങും’ എന്നാണ് കേരളവര്‍മ്മ കോളജിലെ ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ ഉണ്ണിത്താന്‍ തുറന്നടിച്ചത്. ശശികലയുടെ പ്രസംഗം സംപ്രേഷണം ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് റിപ്പോര്‍ട്ടര്‍ ചാനലിനെ വെല്ലുവിളിക്കുകയും ചെയ്തു ഉണ്ണിത്താന്‍.
‘ഞാനൊക്കെ ഇത്രയുംകാലം ധരിച്ചുവച്ചിരുന്നത് മദനിയാണ് ഏറ്റവും തീവ്രവാദമായി പ്രസംഗിക്കുന്നതെന്നാണ്. ഈ മതേതര രാജ്യത്ത് ഇങ്ങനെയുള്ള പ്രസംഗങ്ങളൊക്കെ നിരോധിച്ചിരുന്നെങ്കില്‍ അദ്ധ്യാപകവൃത്തിയില്‍ നിന്ന് എന്നേ ടീച്ചറെയൊക്കെ പറഞ്ഞുവിടുമായിരുന്നു’ ഉണ്ണിത്താന്‍ പറയുന്നു.
രാജ്യത്തിന്റെ ശമ്പളം പറ്റി ഹിന്ദുരാഷ്ട്രത്തിനുവേണ്ടി വാദിക്കുന്നത് മര്യാദയാണോ എന്നും ഉണ്ണിത്താന്‍ ചോദിച്ചു. ശശികല ടീച്ചറും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ദേവേന്ദ്രന്‍ പശു മാംസവും സോമരസവും കഴിക്കുന്നതായി വേദങ്ങളില്‍ പറയുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ വേദങ്ങളല്ല, കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടാണ് ഗോവധനിരോധനം നടപ്പിലാക്കേണ്ടത് എന്ന ഉദാസീനമായ മറുപടിയാണ് ശശികല നല്‍കിയത്.
‘ഇന്ത്യ നനാനത്വത്തില്‍ ഏകത്വമുള്ള രാജ്യമാണ്, മതാത്മകതയില്‍ നിന്ന് മതേതരമായി മാറിയ രാജ്യമാണ്, ഇവിടുത്തെ ജനങ്ങളെ വര്‍ഗീയതപരത്തി തമ്മിലടിപ്പിക്കാനാണ് ശശികല ടീച്ചറുടെ ശ്രമമം’ എന്നും ഉണ്ണിത്താന്‍ പറഞ്ഞു. അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ച് നേര്‍വഴിക്ക് നടത്തേണ്ടവരാണെന്നും വര്‍ഗീയവിഷം കുത്തിവയ്‌ക്കേണ്ടവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഉണ്ണിത്താന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു ശശികല ടീച്ചര്‍ ചെയ്തത്.
കേരളത്തില്‍ ബീഫ് നിരോധിക്കണം എന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ ആവശ്യം അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും അക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനസര്‍ക്കാരുകള്‍ക്കാണെന്നും ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.
അതേസമയം ചര്‍ച്ചയ്ക്ക് ശേഷം വലിയ പിന്തുണയാണ് ഉണ്ണിത്താന് ഫേസ്ബുക്കിലും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്നത്. ശശികല ടീച്ചര്‍ക്ക് കൃത്യമായ മറുപടി നല്‍കിയ ഉണ്ണിത്താനെ പിന്തുണയ്ക്കുന്നു എന്ന തരത്തിലാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകള്‍.

No comments:
Post a Comment