Wednesday, October 7, 2015

കോഴിക്കോട് വിമാനത്താവളത്തിലെ റൺവേയുടെ സമീപം ഇന്നു വിമാനം ‘തകർന്നു വീഴും’.




കൊണ്ടോട്ടി ∙ കോഴിക്കോട് വിമാനത്താവളത്തിലെ റൺവേയുടെ സമീപം ഇന്നു വിമാനം ‘തകർന്നു വീഴും’. യാത്രക്കാരെ ‘രക്ഷിക്കു’കയും ചെയ്യും. വിമാനം തകർന്നാൽ യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പരിശീലനം മാത്രമാണ് ‘വിമാന അപകടം’ എന്നും ജനം ആശങ്കപ്പെടേണ്ടതില്ലെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

കൊണ്ടോട്ടി– നെടിയിരുപ്പ് ഭാഗത്ത് ക്രോസ് റോഡിനു സമീപം എയർപോർട്ട് അതോറിറ്റിയുടെ കൈവശമുള്ള സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 3.30 വരെയായിരിക്കും പരിശീലനം. റൺവേയിലേക്കു ലാൻഡിങ്ങിന് എത്തുംമുൻപ് വിമാനം തകർന്നാൽ യാത്രക്കാരെ രക്ഷിക്കാൻ എന്തെല്ലാം സംവിധാനം വിമാനത്താവളത്തിലുണ്ട്, എന്തെല്ലാം പോരായ്മകൾ ഉണ്ട് എന്നിവ വിലയിരുത്തുകയാണു ലക്ഷ്യം.

ആംബുലൻസ്, പൊലീസ്, അഗ്നിശമന സേന, വിമാനക്കമ്പനി അധികൃതർ, വിമാനത്താവളം അധികൃതർ, മറ്റ് ഏജൻസികൾ തുടങ്ങിയവരെയെല്ലാം ഉൾപ്പെടുത്തിയാണു പരിശീലനം. ക്രോസ് റോഡിലും സമീപ റോഡുകളിലും ‘സംഭവ’ത്തെത്തുടർന്ന് ഗതാഗതക്കുരുണ്ടാകുന്നത് ഒഴിവാക്കാൻ യാത്രക്കാർ ശ്രദ്ധിക്കണം.

No comments: